Pages

ബന്ധങ്ങൾ

 ബന്ധങ്ങൾക്ക് അർത്ഥമില്ലാതാകുന്നുവോ  

 ചുറ്റും, ബന്ധുക്കൾ ഉണ്ടായിട്ടും, ബന്ധങ്ങൾ ഇല്ലാത്ത കുറെ ജീവിതങ്ങളില്ലേ? എല്ലാവരും ഉണ്ട് , പക്ഷെ ആരുമില്ല  തുണയായി. ഭർത്താവിന് ഭാര്യയുടെ തുണ  നഷ്ടപ്പെട്ടാൽ, ആ വ്യക്തിയുടെ മനസ്സും നഷ്ടമാവുകയാണ്. പങ്ക് വയ്ക്കുവാൻ ആരുമില്ലാതെ, കേൾക്കുവാനും പറയുവാനും ആരുമില്ലാതെ, ഒരു തരം  ശൂന്യത. മനസ്സും ആ ശൂന്യതയിൽ ആയിരിക്കും. ഒന്നും ചിന്തിക്കുവാൻ ഇല്ലാത്ത ഭ്രാന്തമായ ശൂന്യത. പേടിപ്പെടുത്തുന്ന ശൂന്യത.

അതെ നിങ്ങൾക്ക്  ചുറ്റും ഉണ്ടാകും ഇങ്ങിനെ ശൂന്യതയിൽ  കഴിയുന്നവർ . നിങ്ങളുടെ കുടുംബത്തിലും ഉണ്ടായിരിക്കും. ചിലപ്പോൾ നമ്മുടെ അമ്മയോ, അച്ഛനോ, മുത്തശ്ശിയോ, മുത്തച്ഛനോ. നാം കാണാൻ ആഗ്രഹിച്ചാൽ മാത്രമേ അവരുടെ സങ്കടങ്ങളെ, വിഷമങ്ങളെ നമ്മൾ കാണൂ.

നാട്ടിൽ  എനിയ്ക്ക് ചുറ്റും ആരുടെയൊക്കെയോ സങ്കടങ്ങൾ ഞാൻ കണ്ടു, തനിച്ചായതിൻറെ  ഭയം കണ്ടു, സ്വന്തമെന്നു  കരുതിയവർക്ക് ഭാരമായതിന്റെയ് വേദന കണ്ടു. ചിലർ മരണത്തെ കാതോർത്തെ ഇരിക്കുന്നു. ചിലർ ഇതേ കഷ്ടപ്പാടിലും ആഗ്രഹങ്ങളുടെയും പ്രതീക്ഷയുടെയും ബലത്തിൽ കഴിഞ്ഞു പോകുന്നു. ചിലർ ജീവിതം മരണ തുല്യമെങ്കിലും മരണത്തെ ഭയന്ന് ജീവിക്കുന്നു . ഇതിനിടയിൽ ഓർമ്മകൾ നഷ്ടമായവർ, ഈ ലോകത്തിന്റെയ് സങ്കടങ്ങളും വ്യഥകളും ഒന്നും അറിയാതെ കഴിയുന്നു. 

ബന്ധങ്ങൾക്ക് അർത്ഥമില്ലാതാകുന്ന കാഴ്ചകൾ നാം കണ്ടും കേട്ടുമിരിക്കുന്നു. വളർന്ന വലുതാകുമ്പോൾ, സ്വന്തമായ ഒരു കുടുംബമാകുമ്പോൾ, അച്ഛനും അമ്മയും തങ്ങളുടെ സ്വതന്ത്ര ജീവിതത്തിന് തടസ്സമെന്ന് ചിന്തിക്കുന്ന എത്രയോ മക്കൾ. അവരെ ഒഴിവാക്കുവാൻ വൃദ്ധസദനത്തിൽ തള്ളുന്നവർ ധാരാളം. അവരെ വിട്ട്  താമസം മാറിപ്പോകുന്ന മക്കൾ വേറെ. വൃദ്ധമാതാവിനെയോ പിതാവിനെയോ കൊല ചെയ്യുന്നവർ , ക്രൂരത ചെയ്യുന്നവർ വേറെ. 

മാതൃത്വം പരിശുദ്ധ ബന്ധമാണെന്നാണ് ലോക നിയമം. പക്ഷെ അതും കളങ്കപ്പെട്ടിരിക്കുന്നു. കാമുകൻ്റെ കൂടെ ജീവിക്കുവാൻ സ്വന്തം  കുഞ്ഞിനെ എറിഞ്ഞു  കൊലപ്പെടുത്തിയ അമ്മയെ നമുക്കറിയാം. കാമുകനെ സന്തോഷിപ്പിക്കുവാൻ മകളെ അവന്  കാഴ്ച വയ്ക്കുന്ന അമ്മമാരേ കുറിച്ച നാം കേൾക്കുന്നു. മക്കളെ ഉപേക്ഷിച്ചു  കാമുകൻ്റെ പിറകേ  പോകുന്ന അമ്മമാരെയും നാം കാണുന്നുണ്ട്. മാതൃതത്തിനേക്കാൾ വലുത് സ്വന്തം താല്പര്യങ്ങളും ജീവിത സുഖവുമാണെന്ന് കരുതുന്ന അമ്മമാർ. മാറിൽ വിഷം പുരട്ടി കൃഷ്ണനെ മുലയൂട്ടിയ പൂതനയെ ഓർത്തു പോകുന്നു. അവൾ ക്രൂരരെന്ന് മുദ്ര കുത്തപ്പെട്ട രാക്ഷസ ജന്മം. മനുഷ്യ കുലത്തിൽ പെട്ട എത്രയോ പൂതനകൾ നമുക്ക് ചുറ്റുമുണ്ട്.  

ഇനിയിപ്പോൾ അച്ചന്മാരുടെ കാര്യമോ? സ്വന്തം രക്തത്തിൽ ജനിച്ച മകളെ മൃഗത്തെ പോലെ പീഡിപ്പിച്ച കാമ വിശപ്പടക്കിയ എത്രയോ പിതാക്കന്മാരുടെ കഥകൾ കേൾക്കുന്നു. ഈയടുത്ത സ്വന്തം കാര്യാ സാധ്യത്തിന് വേണ്ടി മകളെ  ആറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ പകൽ മാന്യൻ  വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സഹാദരങ്ങൾക്കിടയിലും കളങ്കം  നിറഞ്ഞ ബന്ധങ്ങൾ ഉണ്ടാകുന്നു.

എവിടെയാണ് നമുക്ക് പിഴച്ചത്? ബന്ധങ്ങളുടെ വില അറിയാത്തവരായി നമ്മുടെ മക്കൾ മാറുന്നതിന് നമുക്കും ഉത്തരവാദിത്തമില്ലേ? ഒരു മൊബൈലും, ലാപ്ടോപുമായി ചുരുങ്ങുകയാണ്  നമ്മുടെ മക്കളുടെ ലോകം. വീട്ടിനുള്ളിൽ തന്നെ പരസ്പരം സംസാരിക്കാതെ, പങ്കിടാതെ, പരസ്പരം  സഹായിക്കാതെ , വീട്ടിലെ കാര്യങ്ങൾ ഒന്നുമറിയാതെ, സ്വന്തം ആവശ്യങ്ങൾ മാത്രം നേടിയെടുക്കുന്ന മക്കൾ, അവരെ അങ്ങിനെ ആക്കിയതിൽ നമുക്കല്ലാതെ ആർക്കാണ് പങ്ക്? അവർക്ക് സ്വന്തം വീട്ടിലില്ലാത്ത സ്നേഹവും, ശ്രദ്ധയും, സംസ്കാരവും പുറം ലോകത്തുണ്ടാകുമോ? 

സ്വന്തം ജീവിതത്തിനെ മാത്രം സ്നേഹിക്കുന്ന, സ്വന്തം സൗകര്യങ്ങൾക്കും സുഖങ്ങൾക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന തലമുറകളാണ് ഇന്ന് നാം കൂടുതലും കണ്ടു വരുന്നത്. അവർക്ക് ബന്ധങ്ങളുടെ വിലയും നിലയും അറിയുവാൻ സാധിച്ചെന്ന് വരില്ല. ആരോട്  എങ്ങിനെ പെരുമാറണമെന്ന് അറിയുവാൻ കഴിഞ്ഞെന്ന് വരില്ല. കുറ്റ ബോധം അവർക്ക് കുറവായിരിക്കും, കാരണം തെറ്റ് തെറ്റായി കാണുവാനോ അംഗീകരിക്കുവാനോ അവർക്ക് കഴിഞ്ഞെന്നു വരില്ല. 

ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുവാനും, സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും അയൽക്കാരോടും നല്ല ബന്ധങ്ങൾ സൂക്ഷിക്കുകയും ചെയ്യുമ്പോൾ, അത് കണ്ടു വളരുന്ന മക്കളും തീർച്ചയായും ബന്ധങ്ങൾക്ക് വിലയും നിലയും നല്കുന്നവരാകും. ഈ ലോകത്തു  വളരെ കുറച്ചു പേരാണ് കളങ്കിതർ . വികലാംഗയായ പെങ്ങളെ ചുമന്ന് നടക്കുന്ന ഒരു സഹോദരന്റെയ് ചിത്രം ഫേസ്ബുക്കിൽ കണ്ടു. സഹേദരിയെ അമ്മയായും അച്ഛനായും നോക്കുന്ന ആ സഹോദരനെ എങ്ങിനെ കണ്ടില്ലെന്ന് നടിക്കും? താൻ ഒരു കുടുംബമായി പോയാൽ, 'അമ്മ തനിച്ചാകില്ലേ എന്ന ചിന്തയിൽ, തൻ്റെ വിവാഹത്തിന് മുൻപേ അമ്മയ്ക്ക്  ഒരു  വരനെ കണ്ടെത്തിയി മകളുടെ വാർത്തയും കണ്ടു. 

നമുക്ക് ചുറ്റും നല്ലവരാണ് കൂടുതലും. നാമോരുരത്തരും നല്ലവരാണ്. നമ്മുടെ കുടുംബത്തിന് കളങ്കമേൽക്കാതിരിക്കാതെ കാത്തു  സൂക്ഷിക്കുവാൻ നമുക്ക് സാധിക്കും. മറ്റുള്ളവർക്കും അതിനു സാധിക്കട്ടെ.

No comments:

Post a Comment