Pages

ഇന്ന് ഞാൻ നാളെ നീ -article

 ഇന്ന് ഞാൻ നാളെ നീ 

മരണത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. പക്ഷെ മരണത്തിനു മുൻപുള്ള സായാഹ്‌ന  ജീവിതം,  മരണ  തുല്യമാകുമ്പോൾ, കൊതിച്ചു പോകും മരണത്തെ   സമൂഹത്തിൽ ഏതവസ്ഥയിൽ ജീവിച്ചവരും. 

യുവതത്തിലും മദ്ധ്യാഹ്നത്തിലുമൊക്കെ ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളവർ, സമ്പന്നതയുടെ  കഴിഞ്ഞവർ, ജീവിത സായാഹ്നത്തിൽ ആരുമില്ലാതെ, ഒന്നുമില്ലാതെ ആയാൽ, ഒറ്റപ്പെട്ടുപോയാൽ അവരിലുണ്ടാകുന്ന വേദനയും നീറ്റലും മരണതുല്യമാണ്. ധാരാളം സംസാരിക്കുമായിരുന്നവർ, വാർധക്യത്തിൽ ഒരു വാക്ക് സംസാരിക്കുവാൻ പോലും ആരുമില്ലാതാകുമ്പോൾ, ആരുമില്ലാതെ ഒറ്റപ്പെടുംപോൾ , പുതിയ വിശേഷങ്ങൾ കേൾക്കാതാകുമ്പോൾ അവർ മൗനത്തിൽ ആണ്ടുപോകുന്നു; അവരിലെ ഓർമ്മകൾ നഷ്ടമാകുന്നു; അല്ലെങ്കിൽ സംസാരിക്കുവാൻ, കേട്ട് മറുപടി പറയുവാൻ അറിയാത്തവരാകുന്നു. കഴിയാത്തവരാകുന്നു. എത്ര ദയനീയമാണ് ഈ അവസ്ഥ.

രാജാവിനെ പോലെ കഴിഞ്ഞവർ, സമൂഹത്തിൽ സ്ഥാനമുണ്ടായിരുന്നവർ; ബഹുമാന്യനുമായിരുന്നവർ, ബന്ധങ്ങൾ സമ്പത്തായി കണ്ടിരുന്നവർ; ജീവിതത്തിൽ തനിച്ചാകുമ്പോൾ ഹൃദയംനുറുങ്ങുന്ന വേദനയായിരിക്കും. അവരുടെ സഹായം സ്വീകരിച്ചവർ, കുടുംബ ബന്ധങ്ങൾ , രാഷ്ട്രീയ ബന്ധങ്ങൾ, സംഭാവനകൾ വാങ്ങിച്ചവർ, സൗഹൃദം പങ്കുവച്ചവർ ആരും ആ സായാഹ്നത്തിൽ തുണയാകാതെ തനിച്ചാകുമ്പോഴുണ്ടാകുന്ന  വേദന. പലരും ആ വഴി  മറക്കും. വന്ന വഴി മറക്കും; അവരുടെ മനസാക്ഷി  എന്നെങ്കിലും അവരെ ചോദ്യം ചെയ്യാതിരിക്കുമോ?

ഒരു സമ്പത്തിനും വാർദ്ധക്യത്തിലെ ഏകാന്തതയ്ക്ക് കൂട്ടാകുവാൻ കഴിയില്ല. ശമ്പളത്തിന് നിറുത്തുന്നവർ നന്നായി കാര്യങ്ങൾ ചെയ്തു കൊടുത്താലും  ,മനസ്സ് തുറന്ന് സംസാരിക്കുവാനും വിശേഷങ്ങൾ പങ്കു വായിക്കുവാനും ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്  ആഗ്രഹിക്കാത്തവരുണ്ടാകുമോ? സായാഹ്‌ന ജീവിതത്തിൽ എത്തിയവർക്ക്  നാം കൊടുക്കുന്ന സ്നേഹത്തിനും കരുത്തലിലും മൂല്യമുള്ളതൊന്നും നമ്മുടെ ജീവിതത്തിലില്ല തന്നെ. . അവരുടെ മനസ്സിൽ നിന്നും വരുന്ന അനുഗ്രഹത്തിനും പ്രാത്ഥനയ്ക്കും വലുതായി മറ്റൊന്നുമില്ല. 

ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്ത സ്നേഹം മരണ ശേഷം എന്തിന്? ആ കണ്ണുനീരിന്  എന്തർത്ഥം? അസുഖമായി കിടന്നതറിഞ്ഞില്ല; മരണപ്പെട്ടതറിഞ്ഞില്ല എന്നൊക്കെ ഒഴിവ് കഴിവുകൾ പറയുന്നവർ ഓർക്കുക - ഇന്ന് ഞാൻ നാളെ നീ 




മരണമുഖം -kavitha

 

മരണമുഖം 

മരണമേ നീയെന്നും തന്നിഷ്ടക്കാരൻ 
ഞാനെത്ര കേണു എൻ വേദനകളിലും
 യാതനകളിലും ഏകാന്തതകളിലും 
 കൂട്ടായി വരുവാൻ. 
മരണ തുല്യമാം ജീവിതം എനിയ്ക് വിധിച്ചു 
 മരിക്കാതെ മരിച്ചു കൊണ്ടിരിയ്ക്കും
ജീവച്ഛവമായി ഞാൻ 
ഇനിയുമെത്ര കാലം കിടത്തുമീ ശരശയ്യയിൽ? 
രംഗബോധമില്ലാത്ത കോമാളിയായി വരുന്ന 
നീയെന്തേ എന്നെ അവഗണിക്കുന്നു?
യാതനകൾ മതിയായി, 
മനസ്സലിവില്ലാതെ നീ 
കുരുന്നുകളുടെ ജീവൻ കവരുന്നു
സദ്ഗുണ സമ്പന്നരെ, യുവതയെ നീ 
ക്രൂരമായി കൊണ്ട് പോകുന്നു 
എന്നിട്ടുമെന്തേ, ജീവിച്ചിരിക്കിലും മരണ തുല്യമാം 
എന്നെ നീ ഉപേക്ഷിയ്ക്കുന്നു?
കാരുണ്യമില്ലാത്ത മരണമേ,
ജീവിയ്ക്കുവാൻ മോഹമെങ്കിലും,;
ആശകളേറെ  ബാക്കിയെങ്കിലും;
 പ്രാർത്ഥന നീ വരുവാൻ മാത്രം.
   (ഉറ്റവരെ അവഗണിയ്ക്കുന്ന, ഉപേക്ഷിയ്ക്കുന്ന കാരുണ്യം വറ്റിയവരുടെ ശ്രദ്ധയിലേയ്‌ക്ക്‌)